തിരുവല്ല: ലഭിച്ച താലന്തുകളുടെ പ്രകാശനം ആണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും, ലഭിച്ച കഴിവുകളെ വർധിപ്പിച്ച് ഉത്തരവാദിത്ത ജീവിതം നയിക്കുമ്പോൾ ആണ് സഭയും, സമൂഹവും അനുഗൃഹിക്കപ്പെടുന്നതെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെട്ട അധ്യയന വർഷാരംഭ ധ്യാനങ്ങളുടെ സമാപന സമ്മേളനം തിരുവല്ല സഭാ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. റവ. സാം മാത്യു ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി റവ. പി. ടി മാത്യു സമാപന സന്ദേശം നൽകി. റവ. ടോണി തോമസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, റവ. ഷൈൻ ബേബി സാം, റവ. അനിഷ് തോമസ് ജോൺ, ബേസിൽ ജോർജ്, ജിബി കൊയമ്പത്തൂർ, ജോജിഷ് ജോയ്, ജെറി മാത്യു സജി, സ്റ്റെഫിൻ സജി, ജോയൽ സി മാത്യു, ജിബി ബേസിൽ എന്നിവർ പ്രസംഗിച്ചു. അധ്യയന വർഷ ധ്യാന സമ്മേളനങ്ങൾ സഭയുടെ തെരഞ്ഞെടുക്കപ്പെട്ട സെന്റെറുകളിൽ വച്ച് മെയ് 16 മുതൽ ആണ് നടത്തപ്പെട്ടത്. വണ്ടൻമേട് ചേറ്റുകുഴി ഇവാൻജലിക്കൽ പള്ളിയിൽ ധ്യാന സമ്മേളന പരമ്പരയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. 'ലോകത്തിൽ ലോകക്കാരല്ലാതെ' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ബൈബിൾ പഠനങ്ങൾ, സോഷ്യൽ മീഡിയായുടെ ദുരുപയോഗം, വ്യക്തിത്വ വികസനം, നല്ല ശീലങ്ങൾ, മൊബൈൽ ഫോണിന്റെ അമിതോപയോഗം എന്നിവയെ സംബന്ധിച്ച് ക്ലാസുകളും, സെമിനാറുകളും നടത്തപ്പെട്ടു. ഇന്ന് (ജൂൺ 2) സഭയുടെ എല്ലാ ഇടവക പള്ളികളിലും സ്കൂൾ-കോളജ് അധ്യയന വർഷാരംഭ സ്തോത്ര പ്രാർത്ഥനയും, വിജയ സ്തോത്ര സ്കോളർഷിപ്പ് വിതരണവും നടത്തപ്പെടുന്നതാണെന്ന് യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു അറിയിച്ചു.
St. Thomas Evangelical Church of India conducted the academic year meditation